തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ സമവായ നീക്കവുമായി ഊരാളുങ്കലും സർക്കാരും.
ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് കരാർ കന്പനിക്ക് 4.99 കോടി രൂപ മാത്രം നൽകാനാണ് തീരുമാനമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ചെലവ് തുക പെരുപ്പിച്ചു കാണിച്ചതല്ലെന്നും ഇത് കുറയ്ക്കണമെങ്കിൽ മാനേജ്മെന്റ് തല തീരുമാനം വേണമെന്നും കരാർ കന്പനിയായ ഐഐഐസിയും നിലപാടെടുത്തതോടെയാണ് ചെലവ് വിവാദം കൂടുതൽ സങ്കീർണമായത്.
ഊരാളുങ്കലിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനമായ ഐഐഐസിയോട് തുക കുറയ്ക്കണം എന്ന് ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞിരുന്നു. തുക കൂട്ടിനൽകാനാവില്ലെന്ന് ഇന്നലെയും അദ്ദേഹം ആവർത്തിച്ചു.
എന്നാൽ, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് കരാർ കന്പനി ദേവസ്വം കമ്മീഷണർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. കണക്ക് സമർപ്പിച്ചതിൽ വീഴ്ച വന്നിട്ടില്ലെന്നാണ് കന്പനി നിലപാട്. എല്ലാ രേഖകളും ദേവസ്വം ബോർഡിന് സെപ്റ്റംബർ 30ന് ഇ-മെയിൽ ആയി അയച്ചിരുന്നതായും കന്പനി അറിയിച്ചു. ഓഡിറ്റർ തങ്ങളോട് കണക്കുകൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും സമർപ്പിച്ച കണക്ക് ഊതിപ്പെരുപ്പിച്ചതല്ലെന്നും തുക അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അത് എസ്റ്റിമേറ്റിനു മുന്പ് പറയണമായിരുന്നെന്നുമാണ് കന്പനി കത്തിൽ വ്യക്തമാക്കിയിരുന്നത്.
കത്തിന്റെ ഉള്ളടക്കം കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തിരുന്നു. ഇതിനു ശേഷമാണ് 4.99 കോടി രൂപ മാത്രമേ കന്പനിക്കു നൽകൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞത്. ഓഡിറ്റ് റിപ്പോർട്ടിലെ പിശകിന്റെ ഉത്തരവാദിത്തവും ബോർഡ് ഏറ്റെടുത്തിരുന്നു.
ബോർഡ് ആവശ്യപ്പെട്ടതുപോലെ ഇനി തുക കുറയ്ക്കണമെങ്കിൽ കന്പനിയുടെ മാനേജ്മെന്റ് തലത്തിൽ തീരുമാനമാകേണ്ടതുണ്ട്. ഈ മാസം 26ന് പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിക്കും. അതിനു മുൻപ് തർക്കം പരിഹരിക്കാനാണ് ശ്രമം. ഇതിനായി ഊരാളുങ്കൽ ഐഐഐസിയുമായി സമവായ ചർച്ചകൾ ആരംഭിച്ചു. സർക്കാർ തലത്തിലും സമവായ ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.
അതേസമയം, ഓഡിറ്ററുടെ കണക്ക് പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്താനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
വരവുചെലവു കണക്കുകൾ പരിശോധിക്കാതെ ഹൈക്കോടതിയിൽ സമർപ്പിച്ചതിനു പിന്നിൽ കരാർ കന്പനിയിലെ ചിലരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ ചിലരും ഒത്തുകളിച്ചെന്ന സംശയമാണുള്ളത്. ഓഡിറ്റർ ആവശ്യപ്പെട്ടിട്ടും ബില്ലുകളിൽ വ്യക്തത ഉദ്യോഗസ്ഥർ വ്യക്തത വരുത്തിയിരുന്നില്ല. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതായാണ് ബോർഡിന്റെ വിലയിരുത്തൽ. സംഗമത്തിന്റെ ചെലവ് നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയ ദൗത്യ സംഘം ഇക്കാര്യങ്ങളടക്കം പരിശോധിക്കും.